ന്യൂഡൽഹി: ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ കളിസ്ഥലങ്ങളിൽനിന്ന് അകലെയാകുന്നതിലെ ആശങ്ക പങ്കുവച്ച് സുപ്രീംകോടതി. കായിക പഠനവും കായിക പരിശീലനവും അത്യന്താപേക്ഷിതമാണെന്നും കോടതി നിരീക്ഷിച്ചു.
ഭരണഘടനയുടെ 21എ അനുച്ഛേദപ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിൽ കായിക വിദ്യാഭ്യാസത്തെയും ഉൾപ്പെടുത്തി മൗലികാവകാശമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ അഭിപ്രായപ്രകടനം. സ്കൂൾ പാഠ്യപദ്ധതിയിൽ കായിക വിദ്യാഭ്യാസം നിർബന്ധമാക്കണമെന്ന ഹർജിയിലെ ആവശ്യം തികച്ചും സ്വാഗതാർഹമാണെന്ന് കോടതി നിരീക്ഷിച്ചു.
2017ലാണ് ഹർജി ആദ്യമായി സുപ്രീംകോടതിയിൽ എത്തുന്നത്. തുടർന്ന് 2022ൽ കേസിൽ അമിക്കസ് ക്യൂറിയായി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനെ നിയമിച്ചു. അദ്ദേഹം ചില നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കേണ്ട നടപടികളും അദ്ദേഹം കോടതിക്ക് കൈമാറിയിരുന്നു.
എന്നാൽ, കേന്ദ്രസർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗോപാൽ ശങ്കരനാരായണൻ നൽകിയ ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് സംസ്ഥാനങ്ങൾക്കും മറ്റ് കക്ഷികൾക്കും രണ്ടാഴ്ചയ്ക്കുള്ളിൽ കൈമാറാൻ നിർദേശിച്ച കോടതി കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് സെപ്റ്റംബർ 22ലേക്ക് മാറ്റി.